ചായക്കടയിലേയ്ക്കു കുറച്ചു ദൂരം നടക്കാനുണ്ട്. കുഗ്രാമം എന്ന വിശേഷണത്തിനും വളരെ താഴ്ന്ന നിലയിലുള്ള ഒരു ഗ്രാമമായിരുന്നു അത്.. ഇന്നത്തെ കാലത്തും ഇത്ര മുരടിച്ചു പോയ ഒരു സ്ഥലം ഉണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കില്ല. മൊത്തം അമ്പതോ അറുപതോ കുടുംബങ്ങൾ കാണും. ആരും അങ്ങിനെ പരസ്പരം ഇടപാടുകൾ കാത്തു സൂക്ഷിക്കുന്നവരല്ല. ആണുങ്ങൾ അതിരാവിലേതന്നെ പണിയ്ക്കു പോകും. ചില പെണ്ണുങ്ങളും. ദൂരെയെവിടെയോയുള്ള പള്ളിക്കൂടത്തിലാണ് കുട്ടികൾ പഠിക്കാൻ പോകുന്നത്. ദിവസവും പോയിവരാനുള്ള ബുദ്ധിമുട്ടു കാരണം കുട്ടികളെ അവർ അവിടെയുള്ള ബന്ധുവീടുകളിലാക്കുന്നത് പതിവാണ്. അതുകൊണ്ട് അവധി ദിവസങ്ങളിലൊഴികെ ഗ്രാമത്തിൽ കുട്ടികളെ അധികം കാണാൻ കിട്ടാറില്ല. അയൽക്കാരുമായി അടുപ്പം സൂക്ഷിക്കാത്തതു കൊണ്ട് സ്ത്രീകളുടെ പതിവു ചർച്ചാകേന്ദ്രങ്ങളായ കിണർ, പുഴക്കര എന്നിങ്ങനെയുള്ളിടങ്ങളിലും മിക്കവാറും ആളനക്കമുണ്ടാവാറില്ല.

കുറച്ചു ദൂരം കഴിഞ്ഞപ്പോൾ വെയിൽ തലയ്ക്കടിച്ച് അയാൾക്ക് ചെറിയൊരു മയക്കം തോന്നി. പിന്നീടുള്ള നടത്തം സ്വപ്നത്തിലെന്ന പോലെയായിരുന്നു. പാടവരമ്പിലൂടെ നടക്കുമ്പോൾ ദൂരെ കരിമ്പനകൾ തലതിരിച്ചിട്ട ആശ്ചര്യച്ചിഹ്നങ്ങൾ പോലെ തോന്നി. വരമ്പിൽ ഞണ്ടുകൾ തീർത്ത മാളങ്ങൾ സംഭാഷണങ്ങൾക്കിടയിലെ കുത്തുകളായും. അയാൾ പണ്ടെപ്പൊഴോ എഴുതിയ കഥയിലെപ്പോലെ, കാലുകൾ ചക്രങ്ങളായി അയാളെ ഉരുട്ടിക്കൊണ്ടു പോയി.

എഴുത്തുകാരൻ വരമ്പുകൾ നടന്നു തീർത്തു. ഇനി ഉണ്ണ്യപ്പംകാട്ടിലെ മുളംകാട് കടന്നാൽ കവലയെത്തും. അവിടെയാണ് ഗ്രാമത്തിലെ ഒരേയൊരു ചായക്കട.

ഒരു ഏറുമാടത്തിനെ ഓർമ്മിപ്പിക്കുന്ന ഓലപ്പുരയാണ് ചായക്കട. സ്ഥിരമായി കച്ചവടം ഉണ്ടാവാറില്ല. ജനസംഖ്യ കുറവായ ആ ഗ്രാമത്തിൽ അനാവശ്യമായി തോന്നാവുന്ന തരത്തിൽ ആളനക്കം കുറഞ്ഞ ഒരു സ്ഥാപനം. ചായക്കടയുടെ ഉടമസ്ഥൻ ചെറൂട്ടി നിഗൂഢതകൾ ഒളിപ്പിച്ചു വച്ചിരിക്കുന്നെന്നതു പോലെ അത്രയ്ക്കൊന്നും സംസാരിക്കാത്ത പ്രകൃതക്കാരനാണ്. ചിലപ്പോൾ ദിവസങ്ങളോളം ചായക്കട തുറക്കാതെ, ഗ്രാമത്തിൽ കണ്ടെത്താനാകാതെ അപ്രത്യക്ഷനാകും. ആരും അതിനെപ്പറ്റി വേവലാതിപ്പെടാറില്ല. ഗ്രാമത്തിലെ മറ്റൊരു പ്രമുഖ വ്യാപാരസ്ഥാപനമായ പലചരക്കു കട കുറച്ചകലെയാണ്. അവിടെ വൈകുന്നേരങ്ങളിൽ ഗ്രാമവാസികളുടെ തിരക്കുണ്ടാകും. ചുരുക്കിപ്പറഞ്ഞാൽ ആളുകൂടുന്ന ഒരേയൊരു സ്ഥലം. മറ്റു സ്ഥാപനങ്ങളായ മുത്തിയമ്പലം, നാഗത്താൻ കാവ്, ചാത്തൻ കല്ല് എന്നിവിടങ്ങളിൽ വർഷത്തിൽ ഒരിക്കൽ നടക്കുന്ന പ്രത്യേക പൂജാ ദിവസങ്ങളിലൊഴികെ അധികമാരും പോകാറില്ല. ഗ്രാമം മുഴുവൻ അവിശ്വാസികളാണോയെന്ന് തോന്നിപ്പിക്കുന്ന തരത്തിൽ ദാരിദ്ര്യം അനുഭവിക്കുന്ന ഇടങ്ങളാണവ.

ആവശ്യത്തിനേക്കാൾ അധികമായ വെളിച്ചത്തിൽ ചുട്ടുപൊള്ളി ചായക്കടയിലെത്തി. മുള കെട്ടിയുണ്ടാക്കിയ ഇരിപ്പിടത്തിൽ ഒരാളുണ്ടായിരുന്നു. അപരിചിതൻ. അന്നത്തെ പത്രത്തിൽ മുഴുകി അയാളിരുന്നു. ചെറൂട്ടിയെ കണ്ടില്ല. എന്നാലും ചായ കിട്ടുമെന്ന പ്രതീക്ഷയ്ക്കു വകയുണ്ടാക്കിയിരുന്നു പത്രവും അപരിചിതനും.

സമോവറിൽ നിന്നും ആവി പറക്കുന്നത് കണ്ടപ്പോൾ ആശ്വാസമായി. ഇത്രയും വെയിൽ കൊണ്ടത് പാഴായില്ല. ഓലമേഞ്ഞ മേൽക്കൂരയിലെ വിള്ളലുകളിലൂടെ വെയിൽ അരിച്ചിറങ്ങുന്നുണ്ടായിരുന്നു. പൊട്ടിപ്പൊളിഞ്ഞ നിലത്ത് അത് ചുണങ്ങുകൾ തീർത്തു. ഇടയ്ക്ക് ഒന്നുരണ്ട് കാക്കകൾ ചാടിക്കളിച്ചപ്പോൾ ചുണങ്ങുകൾ മായുകയും തെളിയുകയും ചെയ്തു. വിശദാംശങ്ങളിൽ മുഴുകാനുള്ള തന്റെ വാസനയെ ആട്ടിപ്പായിച്ച് എഴുത്തുകാരൻ അപരിചിതനിലേയ്ക്ക് ശ്രദ്ധ തിരിച്ചു.

മുൻപൊന്നും അയാളെ ഗ്രാമത്തിൽ കണ്ടതായി ഓർക്കുന്നില്ല. കൈമുട്ടോളം മടക്കി വച്ച ഷർട്ടിന്റെ കൈകൾ അയാളുടെ ബലിഷ്ഠമായ ശരീരത്തിനെക്കുറിച്ച് സൂചനകൾ നൽകി. പത്രത്തിൽ കുനിച്ചു വച്ചിരുന്ന മുഖവും പരുക്കനായിരുന്നു. ഒറ്റനോട്ടത്തിൽ ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയുടെ സജീവപ്രവർത്തകനാണെന്നേ തോന്നൂ. എഴുത്തുകാരൻ ബഞ്ചിലിരുന്ന് മുണ്ടിന്റെ കോന്തല കൊണ്ട് വിയർപ്പു തുടച്ചു. ചൊറിച്ചിലുണ്ടാക്കുന്ന ഉഷ്ണം. കഴുത്തിലെ നനവ് ഊർന്നിറങ്ങി നെഞ്ചു വരെയെത്തിയത് എങ്ങിനെ തുടയ്ക്കുമെന്നോർത്ത് വിഷമിച്ചിരുന്നു. പിന്നെ, ഒരാണല്ലേയുള്ളൂയെന്നോർത്ത് മുകളിലെ ബട്ടനഴിച്ച് തുടച്ചു. അപ്പോഴേയ്ക്കും നെറ്റിയിൽ വീണ്ടും വിയർപ്പുചാലുകൾ പൊട്ടിയൊഴുകാൻ തുടങ്ങി.

‘ഇത്തവണ ചൂട് അധികാണ്.’ പെട്ടെന്ന് അപരിചിതന്റെ ശബ്ദം കേട്ടപ്പോൾ എഴുത്തുകാരൻ ഒന്നു പകച്ചു. അയാളാകട്ടെ പത്രത്തിൽ നിന്നും കണ്ണെടുക്കാതെയാണ് സംസാരിച്ചത്.

‘അതെ’ ഇതിൽ തർക്കിക്കാനൊന്നുമില്ലെന്ന മട്ടിൽ അയാൾ മറുപടി പറഞ്ഞു. അപരിചിതൻ വായന മതിയാക്കി പത്രം മടക്കി ഒരോരത്തു വച്ചു. നിവർന്നിരുന്നപ്പോഴാണ് അയാളുടെ മുഖം ശരിക്ക് കണ്ടത്. പ്രായം ഊഹിക്കാൻ പ്രയാസമാണ്. എന്നാലും അത്ര ചെറുപ്പക്കാരനല്ലെന്ന് മനസ്സിലായി. പിന്നെ ഇതിലൊക്കെ എന്താണിത്ര പ്രാധാന്യമുള്ളതെന്നോർത്ത് നോട്ടം ആവി പറക്കുന്ന സമോവറിലേയ്ക്കു മാറ്റി.

‘ചായപ്പൊടി തീർന്നെന്നും പറഞ്ഞ് പോയതാ…കുറേ നേരായി’ ചോദിക്കാതെ തന്നെ അപരിചിതൻ പറഞ്ഞു.

‘ഓഹോ’

‘അല്ലാ..ഇതെന്തൊരു നാടാണ്? ഒരു ഗ്രാമം മുഴുവൻ ഒരേയൊരു ചായക്കടയെ ആശ്രയിക്കണമെന്നു പറഞ്ഞാൽ…ഛേ….’

അതിനു മറുപടി കൊടുക്കണമെന്ന് എഴുത്തുകാരന് തോന്നിയില്ല. ഗ്രാമത്തിന്റെ വാണിജ്യവ്യവസ്ഥയിലെ പ്രധാന ഘടകമാണ് ഈ ചായക്കട എന്നൊക്കെ പറഞ്ഞ് ഒരു സംവാദം തുടങ്ങി വയ്ക്കാവുന്നതാണ്. വേണ്ട, ഇപ്പോൾ അതിനുള്ള മനോനിലയിലല്ല.

‘അല്ലാതെ പിന്നെ. മത്സരിക്കാൻ ആളില്ലെന്ന ധൈര്യമാണ് ഇവരെയൊക്കെ ഇങ്ങനെ അഹങ്കാരികളാക്കുന്നത്.’

‘അഹങ്കാരം?’

‘അതെ..അഹങ്കാരം. അല്ലെങ്കിൽ ഈ ചായപ്പൊടിയൊക്കെ ഇപ്പോഴാണോ വാങ്ങാൻ പോകുന്നത്? കടയാണെങ്കിൽ കുറച്ച് ദൂരേയും…’

എഴുത്തുകാരൻ ഓർക്കുകയായിരുന്നു. അയാളുടെ അറിവിൽ ചായക്കട തുറന്നിട്ടു തന്നെ ഒരാഴ്ചയോളമായിരിക്കുന്നു. ചായക്കട ചെറൂട്ടിയ്ക്ക് സ്ഥിരവരുമാനം ഉണ്ടാക്കിക്കൊടുക്കുന്നൊന്നുമില്ല. ഉപേക്ഷിച്ചു കളയാൻ തോന്നാത്ത ഒരു പാരമ്പര്യത്തിന്റെ പേരിൽ നടത്തിക്കൊണ്ടു പോകുന്നെന്നേയുള്ളൂ. അതുതന്നെ വലിയ കാര്യം.
____________


ചായക്കടയുടെ സംക്ഷിപ്തചരിത്രം >> 

ചരിത്രമറിയാതെ തുടരുക >>