പതിറ്റാണ്ടുകൾക്കു മുമ്പ് ചെറൂട്ടിയുടെ അച്ഛനായിരുന്നു ഗ്രാമത്തിൽ ആദ്യമായി ചായക്കച്ചവടം തുടങ്ങിയത്. സഞ്ചരിക്കുന്ന ചായക്കടയായിരുന്നു അത്. കൃഷിയിടങ്ങളിലും തെങ്ങിൻ തോപ്പുകളിലും കുറച്ചകലെ ആഴ്ചയിലൊരിക്കൽ കൂടുന്ന ചന്തയിലും നടന്നു പോയി ചായ വിൽക്കുമായിരുന്നു. കാലം കഴിഞ്ഞപ്പ്പോൾ, പ്രായമേറിയപ്പോൾ നടത്തം മതിയാക്കി ഒരു മരച്ചുവട്ടിലിരുന്നായി കച്ചവടം. അപ്പോഴേയ്ക്കും വഴിയാത്രക്കാരുടെ എണ്ണവും വർദ്ധിച്ചിരുന്നു. പിന്നേയും കുറേ കഴിഞ്ഞപ്പോൾ വാതം, ആണിരോഗം എന്നിങ്ങനെ ബുദ്ധിമുട്ടുകൾ തുടങ്ങിയപ്പോൾ അതും നിർത്തി. അപ്പോൾ അച്ഛന്റെയടുത്തു നിന്നും കച്ചവടം ചെറൂട്ടി ഏറ്റെടുത്തു. ഓലമേഞ്ഞ ചായക്കട ഗ്രാമത്തിനു പുതിയ അനുഭവമായിരുന്നു. പക്ഷേ അപ്പോഴേയ്ക്കും, എന്തുകൊണ്ടാണെന്നറിയില്ല, ഗ്രാമം ക്ഷയിച്ചു. ആളുകൾ ഉൾ വലിയാൻ തുടങ്ങി. എങ്കിലും കൂലിപ്പണിക്കാരും വല്ലപ്പോഴും അതുവഴി പോകുന്ന യാത്രക്കാരും ചെറൂട്ടിയുടെ ചായക്കടയിൽ ഒപ്പു വയ്ക്കുമായിരുന്നു. പിന്നീട് അതും കുറഞ്ഞു വന്നപ്പോൾ ചെറൂട്ടി മറ്റു കച്ചവടങ്ങളിൽ ഏർപ്പെട്ടു. ഒഴിവു കിട്ടുമ്പോൾ മാത്രം കട തുറന്നു. ഗ്രാമത്തിലെ ആദ്യത്തെ സമ്പൂർണ്ണ പലചരക്കുകട വരുന്നത് എത്രയോ കഴിഞ്ഞിട്ടാണ്.

(ചരിത്രം അവസാനിച്ചു)

തുടരുക >>