ഇത്രയൊക്കെയായിട്ടും കട അടച്ചു പൂട്ടാത്തതെന്താണെന്ന് എഴുത്തുകാരന് മനസ്സിലായതേയില്ല. ചെറൂട്ടിയോട് ചോദിക്കുമ്പോഴെല്ലാം രഹസ്യം ഒളിപ്പിച്ച ഒരു ചിരിയായിരിക്കും മറുപടി. പിന്നെ എഴുത്തുകാരനും ചോദ്യങ്ങൾക്കു വിരാമമിട്ടു. ഇടയ്ക്ക് ചായ കുടിക്കണമെന്നു തോന്നുമ്പോൾ അത്രയും ദൂരം നടന്ന് പോയി നോക്കും. മിക്കവാറും കട തുറന്നിട്ടുണ്ടാവില്ല.

‘ശ്ശൊ…എത്ര നേരമായി…ഇയാൾ എവടപ്പോയിക്കിടക്കുവാ?’ അപരിചിതൻ അക്ഷമ പുറത്തെടുത്തു.

‘കട കുറച്ചു ദൂരെയല്ലേ…നടന്നു പോയി വരണ്ടേ…’

‘ഉം…എന്നാലും…അല്ലാ…ഇങ്ങനെയൊരു കുഗ്രാമത്തിൽ ഈ ചായക്കടയൊക്കെ എന്തിനാ? എന്ത് പ്രസക്തിയാണുള്ളത്?’

‘മനസ്സിലായില്ല’

‘ഞാൻ രാവിലെ വന്നതാ…രണ്ട് പ്രാവശ്യം ചായ കുടിക്കാൻ വന്നു. ആദ്യം തുറന്നേയുള്ളൂ വെള്ളം തിളയ്ക്കണമെന്ന് പറഞ്ഞു. ഞാൻ തിരിച്ചു പോയി. ഇപ്പോ ദേ..പൊടി തീർന്നു പോലും…ഈ ഗ്രാമത്തിന്റെ സാമ്പത്തികപുരോഗതിയിൽ എന്ത് സ്ഥാനമാണുള്ളത് ഈ ചായക്കടയ്ക്ക്? അതാണെന്റെ ചോദ്യം…’

എഴുത്തുകാരൻ പത്രമെടുത്ത് നിവർത്തിപ്പിടിച്ചു. ബൌദ്ധികമായ ഒരു ചർച്ചയ്ക്കുള്ള ക്ഷണമാണ് അപരിചിതൻ വച്ചു നീട്ടുന്നതെന്ന് മനസ്സിലായി. പണ്ട് ഇക്കണോമിക്സ് പുസ്തകം ഉറക്കഗുളിക പോലെ ഉപയോഗിച്ചിരുന്ന കാലം ഓർമ്മ വന്നു.

‘പക്ഷേ ആ പലചരക്കുകട നോക്ക്…എത്ര കൃത്യമായി ഒരു യന്ത്രത്തിന്റെ കണിശതയോടെ പ്രവർത്തിക്കുന്നു. ഈ ഗ്രാമം മുഴുവൻ ആ കടയെ ആശ്രയിക്കുന്നില്ലേ….അയാൾ എല്ലാം നല്ല രീതിയിൽ നടത്തി ആർക്കും ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ കൊണ്ടുപോകുന്നുമുണ്ട്. അതേ ആത്മാർഥതയാണ് ഈ ചായക്കടക്കാരനിൽ നിന്ന് ഞാൻ പ്രതീക്ഷിച്ചത്. എനിക്ക് വലിയ നിരാശയായിപ്പോയി…’

എഴുത്തുകാരൻ എല്ലാം സമ്മതിക്കുന്നതു പോലെ തലയാട്ടി. തന്റെ ‘വിളറിയ പകലുകൾ’ എന്ന നോവലിലെ ഒരു കഥാപാത്രത്തിനെ ഓർത്തു. അയാളും ഇങ്ങനെയായിരുന്നു ക്ഷോഭിച്ചിരുന്നത്. എഴുത്തുകാരന്റെ ചുണ്ടിൽ ഒരു പുഞ്ചിരി പുറപ്പെട്ടു, അടുത്ത നിമിഷം തന്നെ അതില്ലാതാക്കി പത്രത്തിലേയ്ക്ക് നോട്ടം മാറ്റി.

‘ഇതൊക്കെ തെമ്മാടിത്തരമാണ്…തനി മാടമ്പിത്തരം…നിങ്ങളൊക്കെ എങ്ങിനെ ഇതെല്ലാം സമ്മതിച്ചു കൊടുക്കുന്നു?.....എനിക്കിനി കാത്തിരിക്കാൻ വയ്യ…ഞാൻ പോണു..’

അപരിചിതൻ രോഷത്തോടെ എഴുന്നേറ്റു. പുറത്തെ വെയിൽ കണ്ടപ്പോൾ അയാൾക്ക് തീരുമാനം മാറ്റണമെന്ന് തോന്നിയിട്ടുണ്ടാകണം. പുറത്തേയ്ക്ക് ഒന്നെത്തി നോക്കിയതിനു ശേഷം അത്ര ഉറപ്പില്ലാതെയാണ് ഇറങ്ങി നടന്നത്.

അഫ്ഗാനിസ്ഥാനിൽ കുഴിബോംബ് പൊട്ടി 17 കുട്ടികൾ മരിച്ച വാർത്ത വായിച്ചതോടെ പത്രവായന അയാൾക്ക് മടുത്തു. സമോവറിലെ വെള്ളം തിളച്ചു മറിഞ്ഞ് ആവി നാലുപാടും ഒഴുകി. പണ്ടെപ്പൊഴോ ടിവിയിൽ കണ്ട പുരാണസീരിയലിലെ സ്വർഗ്ഗത്തിലും ഇങ്ങനെ ആവി പറക്കുമായിരുന്നെന്ന് അയാൾ മനസ്സിൽ ചിരിച്ചു. ആളുകളുടെ അരയ്ക്കു കീഴ്പ്പോട്ട് പുകമറ. പുകയിൽ മറഞ്ഞു പോകാതിരിക്കാനായി നാരദൻ കൈയ്യിലെ വീണ വല്ലാതെ ഉയർത്തിപ്പിടിക്കുമായിരുന്നു.

പിന്നേയും സമയം കടന്നു പോയി. വെയിൽ കനത്ത് കനത്ത് ചുണങ്ങുകൾക്കു തീ പിടിക്കാൻ തുടങ്ങി. ഏതാണ്ട് മുഴുവനായും അടർന്നു പോയ ചളി മെഴുകിയ തറയിൽ അവ പഞ്ചനക്ഷത്രഹോട്ടലുകളിലെ കറങ്ങുന്ന വെളിച്ചവിന്യാസം പോലെ ജ്വലിച്ചു. ഉറുമ്പുകൾ അവിടെയെത്തുമ്പോൾ നിൽക്കുന്നതും പിന്നെ വഴി മാറി തണൽ പിടിച്ചു പോകുന്നതും കണ്ടു.

ഏറേ നേരം കാത്തിരുന്നപ്പോൾ എഴുത്തുകാരനും മടുത്തു. രണ്ടു പ്രാവശ്യം കടയിൽ പോയി വരാനുള്ള സമയം കഴിഞ്ഞു. എന്നിട്ടും ചെറൂട്ടി വരാത്തതിൽ ഈർഷ്യ തോന്നി. എഴുന്നേറ്റ് മുളങ്കാലിൽ പിടിച്ച് പുറത്തേയ്ക്ക് എത്തി നോക്കി. കണ്ണു മഞ്ഞളിച്ചു. വെയിലിന്റെ താണ്ഡവം വിചാരിച്ചതു പോലെയല്ല.

അപ്പോൾ അയാളെ അത്ഭുതപ്പെടുത്തിക്കൊണ്ട് കുറച്ച് കുട്ടികൾ വെയിലിലൂടെ ഒരു ദിക്കിലേയ്ക്ക് ഓടിപ്പോയി.

വെയിലിനെ അവഗണിച്ച് ചെറൂട്ടിയെ അന്വേഷിച്ചിറങ്ങിയാലോയെന്ന് അയാൾ ആലോചിച്ചു. ചായ നിർബന്ധമായതു കൊണ്ടല്ല. മുഷിപ്പിൽ നിന്നും ഒരു മോചനത്തിനായി. രണ്ടാമതൊരു ആലോചനയ്ക്ക് അവസരം നൽകാതെ അയാൾ വെയിലിലേയ്ക്കിറങ്ങി. പെട്ടെന്ന് വെളിച്ചപ്പെട്ടപ്പോൾ അടി തെറ്റി. കാലിടറി. പിന്നെ ചുവടുകൾ വീണ്ടെടുത്ത് പലചരക്കുകട ലക്ഷ്യമാക്കി നടന്നു. കുറച്ചു ദൂരം കഴിഞ്ഞപ്പോൾ നടത്തം സ്വപ്നസമാനമായി.

അപ്പോഴാണ് ഓർത്തത്. പലചരക്കുകടക്കാരൻ മണിയും ചെറൂട്ടിയും തമ്മിലുള്ള വഴക്ക്. കുറച്ചു നാളുകൾക്കു മുമ്പ് ചെറൂട്ടിയുടെ ചായക്കടയ്ക്കു മുന്നിൽ വലിയ ബഹളമായിരുന്നു. എന്താണ് കാരണമെന്നറിയാൻ കഴിഞ്ഞില്ല. ചായക്കടയുടെ പുറകിലുള്ള കുറച്ചു നിലം മണിയുടേതാണെന്നറിയാം. അവിടെ കൃഷി നടക്കാറുമുണ്ട്. പക്ഷേ ചായക്കട കാരണം അവിടെ ബുദ്ധിമുട്ടൊന്നും വന്നിട്ടുള്ളതായി പറഞ്ഞു കേട്ടിട്ടില്ല. ഒരിക്കൽ മണിയോട് അതിനെപ്പറ്റി ചോദിച്ചപ്പോൾ വലിയ രോഷത്തോടെ ചെറൂട്ടിയെ ചീത്ത പറഞ്ഞതേയുള്ളൂ. ഗ്രാമത്തിലെ മറ്റു ദുരൂഹതകൾ പോലെ ആ വഴക്കിന്റെ കാരണവും എഴുത്തുകാരന് മനസ്സിലാക്കാൻ കഴിയാതെ പോയി. ഇടയ്ക്ക് മണി പറഞ്ഞ ഒരു കാര്യം പെട്ടെന്ന് ഓർമ്മയിലെത്തി. അവനെ ഞാൻ കൊല്ലും എന്ന് ആവർത്തിച്ചു പറഞ്ഞിരുന്നു.

അയാൾക്ക് ഉള്ളിലൊരു മിന്നൽ പോലെ തോന്നി.

അങ്ങിനെ തീവ്രമായ വിരോധം നിലനിൽക്കുമ്പോൾ ചെറൂട്ടി മണിയുടെ കടയിൽ നിന്നും ചായപ്പൊടി വാങ്ങുമെന്നത് ഒരിക്കലും നടക്കാത്ത കാര്യമാണ്. ഒരു വേപ്പിൻ ചോട്ടിൽ, കിട്ടിയ തണലിൽ നിന്നാശ്വസിച്ച് എഴുത്തുകാരൻ ആലോചിച്ചു. അപ്പോൾ വീണ്ടും കുറേ കുട്ടികൾ വെയിലിലൂടെ ഒരു ദിക്കിലേയ്ക്ക് ഓടി. ആദ്യത്തെ കുട്ടികൾ പോയ വഴി തന്നെ. എന്തോ ഒരു പ്രേരണയിൽ അയാളും ആ വഴിക്കു നടന്നു.

ചായക്കടയിലെത്തിയപ്പോഴേയ്ക്കും തളർന്നു. കുറച്ചു നേരം വിശ്രമിക്കണമെന്നു തോന്നി. സമോവറിൽ അപ്പോഴും വെള്ളം തിളയ്ക്കുന്നുണ്ടായിരുന്നു. അടുപ്പിലെ വിറക് ഏതാണ്ട് കത്തിത്തീരാനായിട്ടുണ്ട്. കുടിയ്ക്കാൻ തണുത്ത വെള്ളം കിട്ടുമോയെന്ന് നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം. അപ്പോൾ രണ്ട് ഗ്രാമീണർ ധൃതി വച്ച് കുട്ടികൾ പോയ വഴി പോകുന്നതു കണ്ടു. എഴുത്തുകാരൻ മനസ്സിലുറപ്പിച്ചു. അതു തന്നെ.

അപ്പോൾ ആ അപരിചിതന്റെ മുഖം മനസ്സിലെത്തി. ചായക്കടയെ രൂക്ഷമായി വിമർശിച്ചു സംസാരിച്ചതെല്ലാം മുൻ കൂട്ടി തയ്യാറാക്കിയ നാടകത്തിന്റെ ഭാഗമായിരുന്നെന്നു തോന്നി. അപ്പോൾ താൻ പോകേണ്ടത് മണിയുടെ കടയിലേയ്ക്കാണ്. ഊഹം ശരിയാണെങ്കിൽ മണി സ്ഥലം വിട്ടിരിക്കാനാണ് സാധ്യത. പൊടുന്നനെ പൊട്ടിമുളച്ച ആവേശത്തിൽ അയാൾ എഴുന്നേറ്റു നടന്നു. വെയിലും ചൂടും കാലുകൾക്ക് ഇന്ധനമാകുന്നതു പോലെ. ഇരമ്പുന്ന ഒരു യന്ത്രം അയാളുടെ പേശികളെ ചലിപ്പിച്ചു.

കട തുറന്നിട്ടുണ്ടായിരുന്നു. ഉച്ചനേരമായതു കാരണം ആരും സാധനം വാങ്ങാൻ വന്നിട്ടില്ല. വീടിനോട് ചേർന്നുള്ള കടയായതു കാരണം തിരക്കില്ലാത്തപ്പോൾ മണി വീട്ടിൽ വിശ്രമിക്കുകയായിരിക്കും. ആരെങ്കിലും വന്നാലും മണിയുടെ ഭാര്യ, തടിച്ചു കൊഴുത്ത ഒരുത്തി, വന്ന് സാധനങ്ങൾ എടുത്തു കൊടുക്കും.

കടയിൽ ആരേയും കാണാതെ അയാൾ വിളിച്ചു നോക്കി. മണീ…മണീ…അകത്തു നിന്നും പ്രതികരണമൊന്നും ഉണ്ടായില്ല. തുറന്നു കിടക്കുന്ന വാതിലിലൂടെ എത്തി നോക്കി. ആൾപ്പെരുമാറ്റത്തിന്റെ സൂചനയൊന്നും കിട്ടിയില്ല. വെയിലോളം തലയ്ക്കു പിടിച്ച ആകാംക്ഷകളോടെ അയാൾ മുറ്റത്തേയ്ക്കിറങ്ങി. അപ്പോൾ രണ്ട് ഗ്രാമീണർ ഓട്ടത്തിനും നടത്തത്തിനും ഇടയിലുള്ള ഒരു വേഗത്തിൽ പോകുന്നതു കണ്ടു.

ഏയ്..ഏയ്…അയാൾ വിളിച്ചു.

അവർ നടത്തം നിർത്തി സംശയത്തോടെ നോക്കി. ഇത്രയും കാലം ആ ഗ്രാമത്തിൽ താമസക്കാരനായിരുന്നിട്ടും ഗ്രാമീണർ വരുത്തനായ അയാളെ അംഗീകരിച്ചിട്ടില്ലായിരുന്നു.

‘ഈ മണി എവിടെപ്പോയെന്നറിയാമോ?’

ഗ്രാമീണർ ആകാശത്തിലേയ്ക്കു നോക്കിയിട്ട് നടത്തം തുടർന്നു.

ഈ പൊരിവെയിലത്ത് വിളിച്ചു നിർത്തി കുശലം ചോദിച്ചതിനുള്ള മറുപടിയാണെന്നു കരുതി അയാൾ തിരിച്ച് ചായക്കടയിലേയ്ക്കു നടന്നു.
___________